മലപ്പുറം: ബിഫാം പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മലപ്പുറത്തിന് അഭിമാനമായ കാവനൂർ സ്വദേശി എ.എൻ. ദിയ ഫാത്തിമയ്ക്ക് ആഗ്രഹം ഡോക്ടറാകാൻ.
കാര്യമായ തയാറെടുപ്പുകളില്ലാതെയാണ് പരീക്ഷയെഴുതിയതെന്ന് കാവനൂർ തക് വബാദ് സ്വദേശി നടുകണ്ടിയിൽ ദിയ ഫാത്തിമ പറയുന്നു.
നീറ്റ് പരീക്ഷയും എഴുതി ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് കീമിൽ റാങ്ക് കിട്ടിയത്. ആദ്യശ്രമത്തിൽ തന്നെ റാങ്കും കിട്ടി.
മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റഗ്രേറ്റഡ് കോഴ്സിലായിരുന്നു പഠനം. മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മികച്ച പിന്തുണയിലാണ് തന്റെ നേട്ടങ്ങളെന്ന് ദിയ ഫാത്തിമ പറഞ്ഞു. പത്താം ക്ലാസിലെത്തിയപ്പോഴാണ് ഡോക്ടറാകണമെന്ന മോഹം തോന്നി തുടങ്ങിയത്.
പിന്നീട് ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നുവെന്നും ദിയ പറഞ്ഞു. ടെയ്ലറായ ഇബ്രാഹിമിന്റെയും വീട്ടമ്മയായ നസീറ മോളുടെയും മകളാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അസ് ലം, പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് റബീഹ്, മൂന്നാം ക്ലാസുകാരൻ മുഹമ്മദ് റാസി എന്നിവരാണ് സഹോദരങ്ങൾ.